ഇരിട്ടി: ആറളം പഞ്ചായത്തിലെ പൂതക്കുണ്ട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വൻ കൃഷിനാശം വരുത്തി. ആറളം ഫാം കൃഷിയിടത്തിൽ നിന്ന് പുഴ കടന്നാണ് ആന എത്തിയതെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ പൂതക്കുണ്ടിലെ കീഴ്പ്പാട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ വീട്ടിന് സമീപമുള്ള കൃഷിയിടത്തിലാണ് കാട്ടാന എത്തിയത്. ഇവിടെയുള്ള നൂറോളം വാഴകളാണ് കാട്ടാന നശിപ്പിച്ചത്. പറമ്പിൽ സ്ഥാപിച്ച കൈയാലയും കാട്ടാന നശിപ്പിച്ചു.
ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി ഫാം കൃഷിയിടത്തിൽ നിന്ന് എട്ട് ആനകളെ കഴിഞ്ഞ ദിവസം ആറളം വനത്തിലേക്ക് തുരത്തിയതായി വനം വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൃഷിയിടത്തിൽ അവശേഷിച്ച ആന പുഴകടന്ന് ജനവാസ മേഖലയിലേക്ക് എത്തിയതെന്ന് സംശയിക്കുന്നു. കൂടുതൽ ആനകൾ ഫാമിന്റെ കൃഷിയിടത്തിൽ അവേശിക്കുന്നുണ്ടെന്ന് ഫാം തൊഴിലാളികളും ജീവനക്കാരും പരാതിപ്പെട്ടിരുന്നു.
നോക്കുത്തിയായി തൂക്കുവേലി
ആറളം ഫാമിൽ നിന്ന് പുഴകടന്ന് മുഴക്കുന്ന്, ആറളം പഞ്ചായത്തുകളിലെ ജനവാസ മേഖലയിലേക്ക് കാട്ടാനകൾ എത്തുന്നത് തടയുന്നതിനായി പുഴയോര ഭാഗങ്ങളിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ സ്ഥാപിച്ച തൂക്കുവേലി നോക്കുത്തിയായി മാറിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും വേലിക്ക് മുകളിലേക്ക് വള്ളികൾ പടർന്നു കയറി നശിച്ചു. മരക്കൊമ്പുകൾ പൊട്ടി വീണും പലസ്ഥലങ്ങളിലും തൂക്കുവേലിയുടെ കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. വേലികളുടെ പരിപാലനം വനംവകുപ്പിന്റെ ചുമതലയാണെങ്കിലും കാര്യമായ പരിചരണം ഉണ്ടാകുന്നില്ല.
വേലി സംരക്ഷണത്തിനായി നിയോഗിച്ച വാച്ചർക്ക് മാസങ്ങളായി ശന്പളവും മറ്റും മുടങ്ങിയതായും പരാതിയുണ്ട്. ഗജമുക്തിയുടെ ഭാഗമായി ഫാമിലെ ആനകളെ തുരത്തുമ്പോൾ അവശേഷിക്കുന്നവ ജനവാസ മേഖലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാൻ ശക്തമായ സംവിധാനങ്ങളും നിരീക്ഷണങ്ങളും ഉണ്ടാകണം. പൂതക്കുണ്ട് മേഖലയിൽ മാസങ്ങൾക്ക് ശേഷമാണ് വീണ്ടും കാട്ടാന എത്തുന്നത്. ആനയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.